ജനറല്‍ പ്രോവിഡന്റ്‌ ഫണ്ട്‌ ചട്ടങ്ങള്‍ (The General Provident fund(kerala) Rules

1964 ഏപ്രില്‍ 1 നാണ്‌ ജനറല്‍ പ്രോവിഡന്റ്‌ ചട്ടങ്ങള്‍ നിലവില്‍ വന്നത്‌.ഈ പാഠത്തില്‍ ജി.പി.എഫ്‌ സംബന്ധിച്ച്‌ അത്യാവശ്യം ഒരു ജീവനക്കാരന്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങള്‍ മാത്രം പ്രതിപാദിക്കുന്നുള്ളൂ.
സംസ്ഥാന സര്‍വീസിലെ എതൊരു ജീവനക്കരനും ജി.പി.എഫില്‍ അംഗത്വം എടുത്തിരിക്കണം.മാസം തോറും ഒരു തുക ഫണ്ടില്‍ നിക്ഷേപിക്കണം.ഇത്‌ അതതുമാസത്തെ ശമ്പളത്തില്‍ നിന്നും കുറവുചെയ്ത്‌ ഫണ്ടില്‍ വരവുവയ്ക്കുന്നു.ഫണ്ടിലെ തുകക്ക്‌ അതത്‌ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ ലഭിക്കുന്നതാണ്‌.ഫണ്ടില്‍ നിന്നും ആവശ്യങ്ങള്‍ക്കായി പണം താത്‌ കാലികമായോ സ്ഥിരമായോ പിന്‍ വലിക്കാവുന്നതാണ്‌.ഫണ്ടില്‍ വരിസംഖ്യ അടയ്ക്കുന്നതും വായ്പ എടുക്കുന്നതും സംബന്ധിച്ച്‌ അത്യാവശ്യം അറിയേണ്ടത്‌ താഴെ കൊടുക്കുന്നു.

വരിസംഖ്യ
  1. വരിസംഖ്യ അംഗങ്ങള്‍ക്ക്‌ നിശ്ചയിക്കാവുന്നതാണ്‌.എന്നാല്‍ അത്‌ വേതനത്തിന്റെ 6 ശതമാനത്തില്‍ കുറയാനോ അടിസ്ഥാനശമ്പളത്തില്‍ അധികരിക്കാനോ പാടില്ല.
  2. സസ്പെന്‍ഷനില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വരിസംഖ്യ അടയ്ക്കേണ്ടതില്ല.
  3. അര്‍ദ്ധവേതനത്തിലോ ശൂന്യവേതനത്തിലോ അവധിയിലിരിക്കുമ്പോള്‍ വരിസംഖ്യ അടയ്ക്കേണ്ടതില്ല.
  4. സസ്പെന്‍ഷനു ശേഷം കുടിശ്ശികയായ വരിസംഖ്യ വേണമെങ്കില്‍ ഒന്നിച്ച്‌ അടയ്ക്കാവുന്നതാണ്‌
  5. സര്‍വീസിന്റെ അവസാന മൂന്നുമാസത്തില്‍ വരിസംഖ്യ അടയ്ക്കാന്‍ അനുവാദമില്ല.
  6. പെന്‍ഷനാകുന്നതിന്‌ ഒരു വര്‍ഷം സര്‍വീസ്‌ അവസാനിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും വരിസംഖ്യ നിര്‍ത്താവുന്നതാണ്‌.ചട്ടം 10എ അനുസരിച്ച്‌ ഇതിനായി ഓപ്ഷന്‍ നല്‍കണം.
  7. വര്‍ഷത്തില്‍ 2 പ്രാവശ്യം വരിസംഖ്യ വര്‍ദ്ധിപ്പിക്കാവുന്നതും ഒരു തവണ കുറവുചെയ്യാവുന്നതുമാണ്‌.
ഫണ്ടില്‍ നിന്നും വായ്പ

ചട്ടം 16 പ്രകാരം ഫണ്ടില്‍ നിന്നും വരിക്കാരണ്‌ താത്‌ കാലിക വായ്പ എടുക്കാവുന്നതാണ്‌.എന്നാല്‍ ഇത്‌ ചട്ടം അനുശാസിക്കുന്ന ആവശ്യങ്ങള്‍ക്കുമാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.ഇത്‌ സംബന്ധിച്ച്‌ ശ്രദ്ധിക്കേണ്ട സംഗതികള്‍ താഴെ പറയുന്നു.
  1. അനുവദിക്കാനധികാരമുള്ള ഉദ്യോഗസ്ഥന്‌ തൃപ്തികരമാണന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ മാത്രം വായ്പ അനുവദിച്ചാല്‍ മതിയാകും.
  2. താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക്‌ വായ്പ്പ അനുവദിക്കാം
  • തന്റേയോ ആശ്രിതരുടേയോ കുടുംബതിലെ അംഗത്തിന്റേയോ ദീര്‍ഘകാലമായുള്ള അസുഖത്തിന്റെ ചികിത്സക്കായി.
  • തന്റേയോ കുടുംബാംഗത്തിന്റേയോ ഉപരി പഠനത്തിനായി
  • വിവാഹം,ശവസംസ്കാരം മറ്റ്‌ മതപരമായ ചടങ്ങുകള്‍ക്ക്‌ ആവശ്യമായ യുക്തിപരമായതുക
  • സ്വന്തംഭാഗം തെളിയിക്കുന്നതിന്‌ ഒരു വ്യവഹാരം നടത്തുന്നതിനുള്ള ചെലവ്‌ വഹിക്കുന്നതിന്‌
  • ടെലിവിഷന്‍,കമ്പ്യുട്ടര്‍ തുടങ്ങിയ ഗൃ ഹോപകരണങ്ങള്‍ വാങ്ങുന്നതിന്‌
  1. മൂന്നുമാസം മാത്രം സര്‍വീസ്‌ അവശേഷിക്കുന്ന വരിക്കാരന്‌ വായ്പ അനുവദിക്കുവാന്‍ പാടില്ല
  2. വായ്പ അനുവദിച്ചശേഷം ആറുമാസം കഴിയാതെ മറ്റൊരു വായ്പ അനുവദിക്കുവാന്‍ പാടില്ല
  3. ഫണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ പരമാവധി 75 ശതമാനം തുക വായ്പ്പയായി അനുവദിക്കാവുന്നതാണ്‌
  4. ഒരു വായ്പ നിലനില്‍ക്കുമ്പോള്‍ പിന്‍/വലിക്കാവുന്ന പരമാവധിതുക കണ്ടുപിടിക്കുവാന്‍ ഈ സൂത്രവാക്യം ഉപയോഗിക്കാം.
  5. 3a-b/4.ഇതില്‍ a=നീക്കിയിരുപ്പുള്ള തുകയും b= മുന്‍ വായ്പയുടെ അടച്ചുതീര്‍ക്കുവാനുള്ള ശേഷിക്കുന്ന തുകയുമാണ്‌
  6. സസ്പെന്‍ഷനില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ വായ്പ തിരിച്ചടക്കാന്‍ സന്നദ്ധനാണെങ്കില്‍ വായ്പ അനുവദിക്കാവുന്നതാണ്‌
  7. വായ്പ തുക പരമാവധി 36 തവണകളായി തിരിച്ചടയ്ക്കാവുന്നതാണ്‌
  8. വരിക്കാരന്‌ രണ്ടോ അതിലധികമോ തവണകള്‍ ഒരുമിച്ച്‌ തിരിച്ചടക്കുവാന്‍ തീരുമാനിക്കാവുന്നതാണ്‌
  9. സസ്പെന്‍ഷനിലിരിക്കുന്നതോ അര്‍ദ്ധവേതനത്തിലോ ശൂന്യവേതനത്തിലോ അവധിയിലിരിക്കുന്നതോ ആയ ഉദ്യോഗസ്ഥന്റെ വായ്പ തവണകള്‍ വേതനത്തില്‍ നിന്നും ഈടാക്കേണ്ടതില്ല.എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈടാക്കാവുന്നതാണ്‌
തിരിച്ചടയ്കേണ്ടാത്ത വായ്പ്പ

ഫണ്ടില്‍ നിന്നും തിരിച്ചടയ്ക്കേണ്ടാത്ത വ്യവസ്ഥയില്‍ തുക പിന്‍ വലിക്കാവുന്നതാണ്‌.ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ ഇപ്രകാരമാണ്‌.
  1. 10 വര്‍ഷം സര്‍വീസ്‌ പൂര്‍ത്തിയാക്കിയ വരിക്കാരന്‌ വായ്പ അനുവദിക്കാവുന്നതാണ്‌.
  2. മക്കളുടെ ഉന്നതപഠനം,വിവാഹം, കൂടാതെ ആശ്രിതര്‍ക്കുണ്ടാകുന്ന രോഗങ്ങളുടെ ചികില്‍സക്ക്‌,വീട്‌ വാങ്ങുന്നതിന്‌,വീടുപണിയുന്നതിന്‌,വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക്‌ വാഹനം വാങ്ങുന്നതിന്‌, തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വായ്പ അനുവദിക്കാവുന്നതാണ്‌.
  3. ചികില്‍സ ഒഴിച്ച്‌ മറ്റാവശ്യങ്ങള്‍ക്ക്‌ ഒരു തവണ മാത്രമെ വായ്പ അനുവദിക്കൂ.
  4. ഒരു താല്‍ക്കാലിക വായ്പ പിന്നീട്‌ തിരിച്ചടയ്ക്കേണ്ടാത്തതായ വായ്പയായി പരിവര്‍ത്തനം ചെയ്യാവുന്നതാണ്‌.എന്നാല്‍ അക്കൗണ്ടന്റ്‌ ജനറലിന്റെ അനുവാദം ലഭിച്ച ശേഷമേ വായ്പ തിരിച്ചടവ്‌ നിര്‍ത്താവൂ.
ഫണ്ട്‌ അവസാനിപ്പിക്കല്‍

പെന്‍ഷന്‍ പറ്റുന്നതിനു മുന്‍പായി വരിക്കാരന്‌ ഫണ്ട്‌ അവസാനിപ്പിക്കാവുന്നതാണ്‌.ഇതിനായി അവസാന പ്രതിമാസ വരിസംഖ്യ അടച്ചതിനു ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.ആഫീസ്‌ തലവന്‍ ഗസറ്റഡ്‌ ആണെങ്കില്‍ അപേക്ഷ പൂര്‍ണ്ണമായും തയ്യാറാക്കിയ ശേഷം ആഫീസ്‌ തലവന്‍ നേരിട്ട്‌ അക്കൗണ്ടന്റ്‌ ജനറലിന്‌ സമര്‍പ്പിച്ചാല്‍ മതിയാകും.അല്ലാത്ത പക്ഷം അടുത്ത ഗസറ്റഡ്‌ ഉദ്യോഗസ്ഥന്‍ മേലൊപ്പ്‌ വച്ച്‌ അയച്ചാല്‍ മതിയാകും.
 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger